മരുന്നുകള്‍കൊണ്ട് മായാജാലം കാണിക്കുകയാണ് മരുന്നു കമ്പനികള്‍. ഒരേ മരുന്നുകള്‍ പല കമ്പനികളും വിപണിയിലെത്തിക്കുന്നത് പല വിലയില്‍. രോഗികളെ പിഴിഞ്ഞ് കാശുവാരുന്ന മരുന്നു കമ്പനികള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ ഉപഭോക്‌താക്കളും പൊതുസമൂഹവും ശ്രമിക്കാത്തത് മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് അനുകൂല സാഹചര്യമൊരുങ്ങുന്നു.
മരുന്നുകളുടെ വിലയിലുള്ള വ്യത്യാസം നമ്മെ അമ്പരിപ്പിക്കുന്നതാണ്. എന്നാല്‍ സാധാരണക്കാരായ ഉപഭോക്‌താക്കള്‍ ഇതൊന്നും അറിയാതെ പറയുന്ന കാശിന് മരുന്നുവാങ്ങി ഉപയോഗിക്കുന്നു. അലോപ്പതി മരുന്നുകളാണ് ഇത്തരത്തില്‍ പൊതുസമൂഹത്തിന്റെ കഴുത്തില്‍ കത്തിവച്ച് വില്‍പ്പനനടത്തുന്നത്. സാധാരണ അമിതരക്‌തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന ഔഷധമാണ് അംലോഡിപ്പിന്‍. അഞ്ചു മില്ലി മാത്രം തൂക്കംവരുന്ന ഇതിന്റെ പത്ത് ഗുളികയ്‌ക്ക് ഒരു കമ്പനി വില്‍ക്കുന്നത് ഇരുപത്തൊന്ന് രൂപയ്‌ക്ക്. മറ്റൊരു കമ്പനിയാകട്ടെ ഇതേമരുന്ന് വിപണിയിലെത്തിക്കുന്നത് 77 രൂപയ്‌ക്കും. 56 രൂപയുടെ വ്യത്യാസം. ഡോസിലോ ഗുണനിലവാരത്തിലോ യാതൊരു വ്യത്യാസവുമില്ലെന്ന് ഓര്‍ക്കണം. ഇതേരോഗത്തിന് ഉപയോഗിക്കുന്ന അറ്റെനനോള്‍ 50 മില്ലി ഒരു കമ്പനി എട്ടുരൂപയ്‌ക്ക് വില്‍ക്കുമ്പോള്‍ മറ്റൊരു കമ്പനി ബീറ്റാ കാര്‍ഡ് എന്ന പേരില്‍ ഇരുപത്തൊമ്പതു രൂപയ്‌ക്കാണ്. ഈ അധിക തുക നഷ്‌ടപ്പെടുന്നത് രോഗിയുടെ കീശയില്‍ നിന്നുമാണ്. സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നുകളാണിവ. അപ്പോള്‍ കമ്പനി നേടുന്ന കൊള്ളലാഭം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കൊടുക്കുന്ന ഒരു ഔഷധമാണ് ക്ലോപിഡോഗ്രെല്‍. ഈ മരുന്നിന്റെ 75 ഗ്രാം വരുന്ന പത്തു ഗുളികകയ്‌ക്ക് രണ്ടു വ്യത്യസ്‌ത കമ്പനികള്‍ ഈടാക്കുന്ന വിലകേട്ടാല്‍ ഞെട്ടും. ഒരു കമ്പനി പത്തുഗുളികയ്‌ക്ക് 78 രൂപയും മറ്റൊരു കമ്പനി ഇതേഗുളിക 1020 രൂപയ്‌ക്കാണ് വില്‍ക്കുന്നത്.
എന്താണ് ഈ വിലവ്യത്യാസത്തിന് കാരണമെന്ന് ചോദിച്ചാല്‍ മുരട്ടുന്യായങ്ങള്‍ നിരത്തി ഇവര്‍ വിലവ്യത്യാസത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നു. അസ്‌ഥി സംബന്ധമായ ചില രോഗങ്ങള്‍ക്ക് നല്‍കുന്ന ഒരു ഔഷധമാണ് റൈസര്‍ ഡ്രോനിക് ആസിഡ്. ഇത് നാലു മില്ലിഗ്രാമിന്റെ പത്ത് ഗുളിക 110 രൂപയ്‌ക്ക് ലഭിക്കുമ്പോള്‍ ഇതേ മരുന്ന് മറ്റൊരു കമ്പനി നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത് 2000 രൂപയക്കാണ്. മരുന്നുവില്‍പ്പനയിലെ ഈ മായാജാലത്തിന് തെളിവുകള്‍ എത്രവേണമെങ്കിലും നിരത്താവുന്നതാണ്.
നിരോധിക്കപ്പെട്ട മരുന്നുകള്‍
ആഗോളതലത്തില്‍ നിരോധിക്കപ്പെട്ട മരുന്നുകളും മാര്‍ക്കറ്റില്‍ ലഭ്യമാക്കി ലാഭം കൊയ്യുന്ന നിര്‍മ്മാണ കമ്പനികളുമുണ്ടെന്നത് നമ്മുടെ ആരോഗ്യമേഖലയ്‌ക്ക് തന്നെ ഭീഷണിയാണ്. കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാമെന്നതിന്റെ പേരില്‍ ലോകാരോഗ്യ സംഘടന നിരോധിച്ച ചില മരുന്നുകളാണ് ഇന്ത്യന്‍ വിപണിയില്‍ സൗകര്യപൂര്‍വം വിറ്റുവരുന്നത്. സിസാപ്രൈഡ്, നിമിസുലൈഡ് ഹ്യൂമന്‍ പ്ലാസന്റല്‍ എക്‌സ്ട്രാക്‌റ്റ് ഇഞ്ചക്ഷന്‍ രൂപത്തിലും ഓയിന്റ്‌മെന്റു രൂപത്തിലും അവയില്‍ ചിലതുമാത്രം.
മാനദണ്ഡങ്ങള്‍ പാലിക്കാതെ
ഇന്ത്യാ ഗവണ്‍മെന്റിന്റെ വിലനിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് അമിത വില ഈടാക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ പല കമ്പനികളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയാണ് മരുന്ന് നിര്‍മ്മാണവും വില്‍പനയും നടത്തുന്നത്‌് തിയോഫിലിന്‍, സ്യൂഡോ എഫഡ്രിന്‍, ആസ്‌പിരിന്‍, സിപ്‌റോഫ്‌ളോക്‌സിന്‍, നോര്‍ഫ്‌ളോക്‌സിന്‍, മെട്രനിഡനോള്‍ തുടങ്ങിയ മരുന്നുകള്‍ക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച പരമാവധി വില്‍പ്പനവിലയുണ്ട്.
സിഫ്‌റാന്‍ 500 പത്തുഗുളികയ്‌ക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച വില 65.26 രൂപയാണ്. എന്നാല്‍ ഈ മരുന്ന് വല്‍ക്കപ്പെടുന്നത് 98 രൂപയ്‌ക്കും. ആസ്‌ത്മാരോഗികള്‍ ഉപയോഗിക്കുന്ന സെറഫിലിന്‍ ഓ.ഡി എന്ന മരുന്ന് പത്ത് ഗുളികയ്‌ക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച വില 7 രൂപ 6 പൈസയാണ്. വില്‍ക്കപ്പെടുന്നത് 30 രൂപയ്‌ക്കു മേല്‍.
ചേരുവകളില്‍ മാറ്റം വരുത്തുന്നു
മറ്റു ചില കമ്പനികളാകട്ടെ കുറച്ചുകൂടി ബുദ്ധിപരമായാണ് മരുന്ന് നിര്‍മാണം നടത്തുന്നത്. വില നിയന്ത്രണ നിയമങ്ങളില്‍നിന്നും രക്ഷപെടാനായി മരുന്നുകളുടെ ചേരുവകളില്‍ മാറ്റംവരുത്തുന്നു. സെട്രിസെറ്റ് - ഡി എന്ന മരുന്നിന്റെ ഒരു ചേരുവയാണ് സ്യൂഡോ എഫ്രഡിന്‍. ഇത് സര്‍ക്കാരിന്റെ വില നിയന്ത്രണത്തില്‍ വരുന്നു. ഈ മരുന്നിന്റെ നിയമാനുസരണ വില്‍പ്പന വില പത്തുഗുളികകള്‍ക്ക് 8.11 രൂപയാണ്. വിലനിയന്ത്രണത്തില്‍ നിന്നും രക്ഷപെടാനും വിലകൂട്ടി വില്‍ക്കുന്നതിനുമായി മേല്‍പ്പറഞ്ഞ ഗുളികയില്‍ നിന്ന് സ്യൂഡോ എഫ്രഡിന്‍ മാറ്റി ഫിനൈല്‍ എഫ്രിന്‍ എന്ന മരുന്നു ചേര്‍ക്കുന്നു. ഈ പുതിയ മരുന്ന് വിലനിയന്ത്രണത്തില്‍ വരുന്നില്ല. ഈ ഗുളിക 10 എണ്ണത്തിന് 28.20 രൂപയ്‌ക്ക് കമ്പനി വില്‍ക്കുന്നു.
ഒരു കമ്പനി വില്‍ക്കുന്ന നോര്‍മെറ്റ് എന്ന പേരിലറിയപ്പെടുന്ന ഗുളികയിലെ ചേരുവകളാണ് നോര്‍ഫ്‌ളോക്‌സാസിന്‍ എന്ന മരുന്നും മെട്രാനിഡസോള്‍ എന്ന മരുന്നും. ഇവ രണ്ടും സര്‍ക്കാരിന്റെ വിലനിയന്ത്രണത്തില്‍ വരുന്ന മരുന്നുകളാണ്. നോര്‍മെറ്റ് 10 ഗുളികയ്‌ക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച വില 20 രൂപയാണ്. ഇത് മറികടക്കാന്‍ നോര്‍ഫ്‌ളോക്‌സസിനു പകരം ഓഫ്‌ലോക്‌സസിനും മെട്രാനിഡനോളിനു പകരം ഒമിഡസോളും ചേര്‍ക്കുന്നു. ഇവ രണ്ടും വിലനിയന്ത്രണത്തില്‍ വരുന്നില്ല. ചേരുവ മാറ്റിയെങ്കിലും നോര്‍മെറ്റ് വില്‍ക്കപ്പെടുന്നത് പത്ത് ഗുളികയ്‌ക്ക് 79.50 രൂപയ്‌ക്കാണ്. എന്നാല്‍ നോര്‍ഫ്‌ളോക്‌സസിനും ഓര്‍നിഡനോളും ഒരുമിച്ച് ചേര്‍ക്കാന്‍ പാടുള്ളതല്ല. മാത്രമല്ല ഇന്ത്യാസര്‍ക്കാരിന്റെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ അനുവാദമില്ലാതെ മറ്റു രാഷ്‌ട്രങ്ങളില്‍ ഇത്തരം ശാസ്‌ത്രീയാടിസ്‌ഥാനമില്ലാത്ത കൂട്ടിച്ചേര്‍ക്കലുകള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നൂറുകണക്കിനാണ് ഇത്തരം അവിഹിത കൂട്ടിച്ചേര്‍ക്കലുകള്‍ നടക്കുന്നത്.
ഇന്ത്യയില്‍ വിലക്കില്ലാതെ
യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു മരുന്നാണ് കാരിസോപ്രോഡോള്‍. പേശിവേദനയ്‌ക്ക് കൊടുത്തിരുന്ന ഈ മരുന്ന് കരള്‍, വൃക്കകള്‍ തുടങ്ങിയവയ്‌ക്ക് ഹാനികരമായത്‌കൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധിച്ചത്. പക്ഷേ, ഇന്ത്യയില്‍ ഈ മരുന്നിന് വിലക്കുകളൊന്നുമില്ല. പല പേരിലും ഇവ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌് മരുന്നുകള്‍ ഇന്ത്യയില്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണം എടുത്ത് കാണിക്കാം. ആര്‍ത്തവവിരാമം എത്തിയ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിന് നല്‍കുന്ന മരുന്നാണ് ലെട്രോസോള്‍. യുവതികള്‍ക്ക് ഈ മരുന്ന് നല്‍കരുതെന്ന് ഇത് മാര്‍ക്കറ്റിലിറക്കിയ കമ്പനിയും വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ ഔഷധം പല ഗൈനക്കോളജിസ്‌റ്റുകളും സ്‌ത്രീ - പുരുഷവന്ധ്യതയ്‌ക്ക് നല്‍കാറുണ്ട്. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഈ മരുന്ന് കഴിച്ച് ഗര്‍ഭംധരിച്ച് പ്രസവിച്ച 150 കുഞ്ഞുങ്ങളില്‍ അര്‍ബുദം, അസ്‌ഥിവൈകല്യം, ഹൃദയസംബന്ധമായ തകരാറുകള്‍ മുതലായവ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യന്‍ ഔഷധ വിപണിയെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്‌നമല്ല.
മരുന്നുകളുടെ ഗുണനിലവാരവും വിലനിലവാരവും ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനം ഗൗരവമായി ഇടപെടേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇടപെടണം.പാവം ഉപഭോക്‌താവിന്റെ കഴുത്തറത്ത് മരുന്ന് വില്‍പ്പന നടത്തുന്ന മരുന്ന് കമ്പനികളെ നിലക്കു നിര്‍ത്തണം. പക്ഷേ, ഇന്നത്തെ കലങ്ങിമറിഞ്ഞ രാഷ്‌ട്രീയത്തില്‍ ഇത്തരം 'നിസാര കാര്യങ്ങള്‍' ശ്രദ്ധിക്കാന്‍ ആര്‍ക്കാണ് താല്‍പര്യം.
'ഒരു നിശ്‌ചയവുമില്ലയൊന്നിനും മരുമോരോവഴി വന്നപോലെ പോം''
എന്ന കവിവാക്യമാണ് ഇന്നത്തെ ഔഷധ വിപണി നിരീക്ഷിക്കുമ്പോള്‍ ഓര്‍മ്മവരിക.
കടപ്പാട്:
|
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ