പ്രമേഹത്തിന്റെ നീരാളിക്കൈകളില്‍ കേരളം
സി. രണ്‍ജിത്ത്
കേരളത്തിന്‍േറതുതന്നെയാണ് കടുത്ത ആശങ്കയുണര്‍ത്തുന്ന ഈ കണക്കുകള്‍. പ്രമേഹത്തെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുകയാണോ നമ്മള്‍? അന്വേഷണ പരമ്പര തുടങ്ങുന്നു...
* പ്രമേഹപീഡകളില്‍ വലയുന്നവരായി 40 ലക്ഷം പേര്‍
* രോഗത്തിന്റെ പടിവാതില്‍ക്കല്‍ 25 ലക്ഷം പേര്‍
* പ്രമേഹത്തിനും അനുബന്ധ രോഗങ്ങള്‍ക്കും ചികിത്സയ്ക്കായി
* പ്രതിവര്‍ഷം ചെലവിടുന്നത് 10,000 കോടി
* 68 ശതമാനം രോഗികളില്‍ ബി.പി.യും. കൊളസ്‌ട്രോളും
* പ്രമേഹ രോഗികളുടെ ശരാശരി പ്രായം കുറഞ്ഞുവരുന്നു
പ്രമേഹം ഒരു ചുഴിയാണ്. വന്‍ചുഴി. അതില്‍ അകപ്പെട്ടാല്‍ കുടുങ്ങി. കാരണം ഈ രോഗം വന്നാല്‍ മാറില്ല. ജീവിതാവസാനം വരെ നിഴല്‍പോലെ കൂടെയുണ്ടാകും.
രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുകയെന്നതാണ് പ്രധാനം. നിയന്ത്രണം പാളിയാല്‍ ആപത്താണ്. ഒരു രോഗത്തില്‍ നിന്ന് പലരോഗങ്ങളിലേക്കുള്ള യാത്രയാവുമത്.
പ്രമേഹത്തിന്റെ സ്വന്തം നാട്
കേരളത്തിലെ ഏറ്റവും കടുത്ത പൊതുജനാരോഗ്യപ്രശ്‌നമായി മാറുകയാണ് പ്രമേഹം. 40 ലക്ഷം രോഗികളെങ്കിലുമുണ്ട് സംസ്ഥാനത്ത്. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ 30 ലക്ഷം വരും. തിരിച്ചറിയാത്തവര്‍ 10 ലക്ഷമെങ്കിലും കാണുമെന്നാണ് പഠനങ്ങള്‍. പ്രമേഹത്തിന് അടുത്തെത്തിയ മറ്റൊരു കൂട്ടരുണ്ട്. പ്രീ ഡയബറ്റിസ് ഗ്രൂപ്പ്. ഇവരും അപകട മേഖലയിലാണ്. സൂക്ഷിച്ചില്ലെങ്കില്‍ താമസിയാതെ പ്രമേഹരോഗികളായി മാറും. ഇത്തരക്കാരായി സംസ്ഥാനത്ത് 25 ലക്ഷം പേരെങ്കിലുമുണ്ടാകും.
പേടിപ്പിക്കുന്ന കണക്കുകള്‍ വേറെയുമുണ്ട്:
കേരളത്തില്‍ 20 വയസ് കഴിഞ്ഞവരില്‍ 15 മുതല്‍ 20 ശതമാനം വരെ പ്രമേഹമുണ്ടെന്ന് വിദഗ്ധര്‍. ഈ പ്രായപരിധിയില്‍ രണ്ട് കോടി ജനങ്ങളുണ്ട് കേരളത്തില്‍.
തിരുവനന്തപുരത്തെ പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡയബ്‌സ്‌ക്രീന്‍ സംസ്ഥാനത്ത് 360 പ്രമേഹ രോഗനിര്‍ണയ, ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ 20 ശതമാനം പ്രമേഹമുണ്ടെന്നാണ് അവരുടെ പഠനം. ഗ്രാമങ്ങളില്‍ അല്പം കുറവ്.
കൂട്ടാളികള്‍ വരുമ്പോള്‍ പ്രഹരശേഷി കൂടും
പ്രമേഹരോഗികള്‍ ആശങ്കയോടെ കാണേണ്ട മറ്റൊരു വസ്തുതയുണ്ട്. സംസ്ഥാനത്ത് 70 ശതമാനം രോഗികള്‍ രക്താതിസമ്മര്‍ദക്കാരാണ്. 60 ശതമാനത്തിലേറെ രോഗികളിലും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുണ്ട്. ഇതൊരു ഗുരുതരമായ സ്ഥിതിവിശേഷമാണ്. ''പ്രമേഹം ഒറ്റയ്ക്കുവന്നാല്‍തന്നെ അപകടമാണ്. കൂട്ടിന് പ്രഷറും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു. പ്രഹരശേഷി ഇതുവഴി പലമടങ്ങാണ് വര്‍ധിക്കുന്നത്.'' തിരുവനന്തപുരത്തെ പ്രമേഹ ചികിത്സാവിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.
ഡയബ്‌സ്‌ക്രീനിന്റെ പഠനത്തില്‍ നിന്ന്:
സംസ്ഥാനത്ത് ഗുളികകളും ഇഞ്ചക്ഷനുകളും ഉപയോഗിക്കുന്ന രോഗികളില്‍ പോലും 32 ശതമാനത്തിനുമാത്രമേ പ്രമേഹ നിയന്ത്രണം സാധ്യമാവുന്നുള്ളൂ. 68 ശതമാനം രോഗികളിലും ഗ്ലൂക്കോസ് നില നിയന്ത്രിക്കാനാവുന്നില്ല. പ്രമേഹരോഗികളില്‍ 68 ശതമാനത്തിനും ബി.പി.യും കൊളസ്‌ട്രോളും അനിയന്ത്രിതമായി തുടരുന്നു. പ്രമേഹം കൃത്യമായി നിയന്ത്രിക്കാത്ത പുരുഷന്മാരില്‍ ഏതാണ്ട് 90 ശതമാനത്തിനും രോഗം വന്ന് 10 വര്‍ഷം കൊണ്ട് ലൈംഗിക ശേഷി നഷ്ടമാകുന്നു.
പിന്‍ഗാമികള്‍ കടുത്ത രോഗങ്ങള്‍
പ്രമേഹവും ബി.പി.യും കൊളസ്‌ട്രോളും നിയന്ത്രിക്കാതെ പോകുന്നതാണ് ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും മറ്റും വഴിയൊരുക്കുന്നത്. രാജ്യത്ത് ഹൃദ്രോഗത്തിന്റെ പ്രബലത ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. വൃക്കരോഗം കൂടിക്കൂടി സംസ്ഥാനം ഡയാലിസിസ് തലസ്ഥാനവുമാകുന്നു.
പക്ഷാഘാതം, പാദരോഗം, നേത്രരോഗം, ഞരമ്പുരോഗം എന്നിങ്ങനെ പല രൂപങ്ങളില്‍, ഭാവങ്ങളില്‍ വേറെയും പല രോഗങ്ങള്‍. എല്ലാറ്റിനും പിറകില്‍ അവനുണ്ട്- പ്രമേഹം.
ഈ രോഗം നേരത്തേ എത്തുന്നു എന്നതാണ് കേരളം നേരിടുന്ന മറ്റൊരു പ്രതിസന്ധി. മുമ്പ് 50 വയസ് കഴിഞ്ഞവരിലാണ് കണ്ടിരുന്നത്. ഇപ്പോള്‍ യൗവനാരംഭത്തില്‍ത്തന്നെ പലരെയും പിടികൂടുന്നു.
പ്രമേഹം വളരെ വൈകിയാണ് കണ്ടെത്തുന്നത്. മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സ തേടുമ്പോഴാണ് 40 ശതമാനം പേരും പ്രമേഹമുണ്ടെന്ന് അറിയുന്നത്. അപ്പോഴേക്കും രോഗസങ്കീര്‍ണതകള്‍ തുടങ്ങിയിട്ടുണ്ടാവും.
ചെലവ് സഹസ്രകോടികള്‍
പ്രമേഹവും അനുബന്ധരോഗങ്ങളും ചികിത്സിക്കാനായി കേരളം ഒരുവര്‍ഷം പതിനായിരം കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. പ്രമേഹ നിയന്ത്രണത്തിനുമാത്രം 30 ലക്ഷം രോഗികള്‍ 3000 കോടിയോളം രൂപ ചെലവഴിക്കുന്നു. ഇവരിലെ പ്രഷറും കൊളസ്‌ട്രോളും നേരിടാന്‍ 1500 കോടിയിലേറെ.
രോഗം സങ്കീര്‍ണതകളിലേക്ക് എത്തുമ്പോള്‍ ചികിത്സച്ചെലവ് പലമടങ്ങ് കൂടുന്നു.
ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവയ്‌ക്കൊക്കെ ഏറ്റവും കൂടുതല്‍ വിധേയരാവേണ്ടിവരുന്നത് ഏറെയും പ്രമേഹരോഗികള്‍ തന്നെ.
മനുഷ്യവിഭവശേഷി നഷ്ടമാവുന്ന വകയില്‍ പ്രമേഹമുണ്ടാക്കുന്ന നഷ്ടവും കോടിക്കണക്കിനാണ്. രോഗപീഡകളും മറ്റു പ്രയാസങ്ങളും കൂടിച്ചേരുമ്പോള്‍ പ്രമേഹം ആത്മഹത്യകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നത് കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യമാണ്. യുവാക്കളില്‍ ലൈംഗിക ശേഷി നഷ്ടപ്പെടുന്ന അവസ്ഥ കുടുംബപ്രശ്‌നങ്ങളിലും വിവാഹമോചനത്തിലുമൊക്കെ എത്തിക്കുന്നു.
പ്രണയിക്കുന്നത് ഫാസ്റ്റ്ഫുഡിനെ വരിക്കുന്നത് പ്രമേഹത്തെ
ഇന്ത്യക്കാരില്‍ പ്രമേഹസാധ്യത കൂടുതല്‍
പിഴയ്ക്കുന്ന ജീവിതശൈലി പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നു
പ്രമേഹ വ്യാപനത്തിന്റെ കാരണങ്ങള്‍: നഗരവത്കരണം, ഭക്ഷണശീലത്തിലെ പിഴവ്, വ്യായാമരഹിത അലസജീവിതം, മാനസിക സമ്മര്‍ദം
ജീവിത ശൈലീരോഗം- ടൈപ്പ്-2 പ്രമേഹത്തെ അത്തരത്തില്‍ വിശേഷിപ്പിക്കാറുണ്ട്. തിരക്കിന്റെ കാലത്തെ അശ്രദ്ധമായ ജീവിതരീതികളും ഭക്ഷണശീലങ്ങളും പ്രമേഹത്തിന് വഴിയൊരുക്കുമെന്നതിനാലാണിത്. ടൈപ്പ്-2 പ്രമേഹമാണ് പകര്‍ച്ചവ്യാധിപോലെ വ്യാപിക്കുന്നത്. ടൈപ്പ്-1 പ്രമേഹം കുട്ടികളിലാണ് കാണാറ്. ഇത് തടയാന്‍ മാര്‍ഗമൊന്നുമില്ല. ഇന്ത്യക്കാരില്‍ പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ വരാന്‍ സാധ്യതകൂടും. ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളുടെ കാര്യത്തിലായാലും ഇതു തന്നെ അവസ്ഥ. ഇത് വംശപരമായ പ്രത്യേകതയാണ്. ജീനുകളിലെ വ്യതിയാനങ്ങളാണ് കാരണം. ജനിതകഘടകങ്ങളിലെ ഈ പോരായ്മകളെ മറികടക്കാന്‍ തത്കാലം വഴികളൊന്നുമില്ല.
നമുക്കിടയില്‍ കൊഴുപ്പിന്റെ അളവിലും ചില വ്യതിയാനങ്ങള്‍ സാധാരണയായി കണ്ടുവരുന്നുണ്ട്. പ്രതികൂലമായ ചില മാറ്റങ്ങള്‍.... ലിപോപ്രോട്ടീന്‍ (എ) അമിതമായി കാണുന്നു എന്ന സവിശേഷതയാണത്. ഈ കൊഴുപ്പ് കണങ്ങള്‍ കൂടുന്നത് ദോഷം ചെയ്യും. കുഴപ്പക്കാരനായ ട്രൈഗ്ലിസ റൈഡ്, എല്‍.ഡി.എല്‍. എന്നിവ ഉയര്‍ന്ന തോതില്‍ കാണും. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍. കുറഞ്ഞ തോതിലേ കാണാറുള്ളൂതാനും.
കൈവിടില്ല, പാരമ്പര്യസ്വഭാവം
പ്രമേഹം പാരമ്പര്യ സ്വഭാവം കാട്ടും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ അടുത്ത തലമുറയില്‍ പ്രമേഹസാധ്യത കൂടും. മാതാപിതാക്കളില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുട്ടിയ്ക്ക് രോഗസാധ്യത 30 മുതല്‍ 40 ശതമാനം വരെയാണ്. അച്ഛനും അമ്മയ്ക്കും പ്രമേഹം ഉണ്ടെങ്കില്‍ അത് 60 മുതല്‍ 80 ശതമാനം വരെ ഉയരുന്നു.
പ്രതികൂലമായ ഇത്തരം ഘടകങ്ങള്‍ക്കൊപ്പം ജീവിതശൈലികൂടി പിഴച്ചാലോ? പ്രമേഹം നേരത്തേ കടന്നുവരും. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.
ജീവിതശൈലിയിലെ താളപ്പിഴകള്‍
പ്രമേഹം പകര്‍ച്ചവ്യാധിപോലെ വ്യാപിക്കുന്നതിന് പ്രധാനകാരണം ജീവിത ശൈലി തന്നെ. മലയാളികള്‍ക്കുണ്ടായ രണ്ട് മാറ്റങ്ങള്‍ മതി ഇത് തിരിച്ചറിയാന്‍. വണ്ണവും ഭാരവും കൂടി. വ്യായാമം തീരെ ഇല്ലാതായി. വന്‍ തോതിലുള്ള നഗരവത്കരണം, തെറ്റായ ഭക്ഷണശീലങ്ങള്‍, വ്യായാമം ഇല്ലാത്ത അലസജീവിതം, മനസ്സമ്മര്‍ദം എന്നിവയൊക്കെയാണ് പ്രമേഹ വ്യാപനത്തിന്റെ അടിസ്ഥാനം.
''ആധുനിക ജീവിതരീതികളാണ് ഒട്ടുമിക്ക ആളുകള്‍ക്കും പ്രമേഹം സമ്മാനിക്കുന്നത്. പുതിയ ജീവിതരീതികള്‍ നമ്മെ അലസന്‍മാരാക്കുന്നു. രോഗികളാക്കുന്നു''- കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവിയും പ്രമേഹരോഗ വിദഗ്ധനുമായ ഡോ.ആര്‍.വി. ജയകുമാര്‍ പറയുന്നു.
ഭക്ഷണശൈലി പാടേ മാറി
മലയാളികള്‍ പരമ്പരാഗത ഭക്ഷണം ഉപേക്ഷിച്ചമട്ടാണ്. ഫാസ്റ്റ്ഫുഡ്, ടിന്നിലും പായ്ക്കറ്റിലുമടച്ചത്, ബേക്കറി പലഹാരങ്ങള്‍, കോളപോലുള്ള പാനീയങ്ങള്‍ എന്നിവ ശീലമാക്കുന്നു. ഇതുവഴി അമിത കലോറി അകത്തെത്തുന്നു. എന്നിട്ടോ ഊര്‍ജം ചെലവഴിക്കാന്‍ ഒരു വഴിയുമില്ല. ഒരടി നടക്കില്ല. അതിനുമടിയാണ്. യാത്ര മുഴുവന്‍ വാഹനത്തില്‍. അമിതവണ്ണവും ഭാരവും പ്രമേഹത്തിന് വഴിതെളിയിക്കും. തടി കൂടുന്നത് ആരോഗ്യലക്ഷണമായി കാണുന്നവര്‍ ഇപ്പോഴുമുണ്ട്. വണ്ണം കൂടുമ്പോള്‍ രോഗങ്ങളാണ് കൂടുന്നതെന്ന് അവരറിയുന്നില്ല. കേരളത്തില്‍ 35 ശതമാനം സ്ത്രീകളും 30 ശതമാനത്തോളം പുരുഷന്മാരും അമിതവണ്ണമോ ഭാരമോ ഉള്ളവരാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതാണ് കൂടുതല്‍ അപകടം. കുടവയര്‍ പ്രമേഹലക്ഷണമായാണ് ഇപ്പോള്‍ കാണുന്നത്. പുരുഷനായാലും സ്ത്രീയായാലും ഇത് ബാധകമാണ്. വയറ് ചാടിയവരെ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ഭൂരിഭാഗമാളുകളിലും പ്രമേഹം ഉണ്ടാകും. ഇല്ലാത്തവര്‍ പ്രമേഹത്തിന് അടുത്തെത്തിയിരിക്കും.
മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പ്രമേഹം വരാന്‍ പൊണ്ണത്തടിയന്‍മാരൊന്നും ആകേണ്ട. അുനയോജ്യമായതില്‍ നിന്ന് തടിയും ഭാരവും ചെറിയ തോതില്‍ കൂടുമ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങും.
പിരിമുറുക്കം കൂടുമ്പോള്‍
ജോലിയിലും ജീവിതത്തിലും അനുഭവപ്പെടുന്ന മാനസികസമ്മര്‍ദം മറ്റൊരു പ്രശ്‌നമാണ്. പിരിമുറുക്കം സ്ഥിരമായി നിലനില്‍ക്കുന്നത് പ്രമേഹത്തിന് വഴിവെക്കാം. പ്രമേഹം മനസ്സമ്മര്‍ദവും കൂട്ടും.
നഗരവത്കരണത്തിന്റെ ഭാഗമായി ധാരാളമാളുകള്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്നും എത്തുന്നുണ്ട്. ഇവരൊക്കെ പെട്ടെന്ന് ആധുനിക ഭക്ഷണശീലങ്ങളും ജീവിത രീതികളും പിന്തുടരാന്‍ ഇടയാവുന്നു. ഗ്രാമങ്ങളില്‍പ്പോലും ഫാസ്റ്റ്ഫുഡ് പാര്‍ലറുകള്‍. പരമ്പരാഗത ഭക്ഷണങ്ങളേക്കാള്‍ ചെലവു കുറവാണ് പലതിനും. സമയക്കുറവും സൗകര്യവും പരിഗണിച്ച് പലരും ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നു. സാധാരണക്കാര്‍ക്കിടയിലും പ്രമേഹം ഇതുവഴി കടന്നുവരുന്നു.
രോഗങ്ങളുടെ കൂട്ടുകുടുംബം
പ്രമേഹം ഒറ്റ രോഗമല്ല. രോഗങ്ങളുടെ കൂട്ടുകുടുംബമാണ്. ഷുഗറുണ്ടോ കൂടെ പ്രഷറുമുണ്ടാകും എന്നതാണ് മിക്കരോഗികളിലെയും അവസ്ഥ. നമ്മുടെ നാട്ടിലെ 68 ശതമാനത്തോളം പ്രമേഹ രോഗികളിലും അമിത രക്തസമ്മര്‍ദം ഉണ്ട്. ഇതുകൂടാതെയാണ് കൊളസ്‌ട്രോള്‍ വ്യതിയാനങ്ങള്‍. 65 ശതമാനം പ്രമേഹക്കാരിലും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രമേഹം ഒറ്റയ്ക്കുതന്നെ അപകടകാരിയാണ്. അതോടൊപ്പം ബി.പി.യും കൊളസ്‌ട്രോളും ചേര്‍ന്നാലോ, കാര്യങ്ങള്‍ പലപ്പോഴും കൈവിട്ടുപോകും. കേരളത്തിനു മുന്നിലെ വന്‍ ഭീഷണിയും അതുതന്നെ.
പ്രമേഹം നിയന്ത്രണമില്ലാതെ പുരോഗമിച്ചാല്‍ പല രോഗങ്ങളായി പരിണമിക്കും. ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും അത് ആക്രമിക്കുന്നു. തളര്‍ത്തുന്നു. ജീവന്‍ അപകടത്തിലാക്കുന്നു. പ്രമേഹത്തിന്റെ ബീഭത്സമുഖമാണിത്. പ്രമേഹം മൂലം മരിക്കുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ഥം രോഗസങ്കീര്‍ണതകള്‍ക്ക് കീഴടങ്ങുന്നു എന്നതാണ്.
ഹൃദ്രോഗം കൂടപ്പിറപ്പ്
പ്രമേഹവും ഹൃദ്രോഗവും ഇരട്ടകളെപ്പോലെയാണ്. ഹൃദ്രോഗത്തിന് പ്രധാന കാരണം പ്രമേഹമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെമ്പാടും ഇതാണ് സ്ഥിതി. കേരളത്തില്‍ പ്രത്യേകിച്ചും. പ്രമേഹബാധിതരില്‍ ഹൃദ്രോഗസാധ്യത നാലിരട്ടിയാണ്. 70 ശതമാനം പ്രമേഹരോഗികളിലും മരണകാരണം ഹൃദയാഘാതമാണ്. ഈ വസ്തുത കണക്കിലെടുത്ത് കാര്‍ഡിയോ ഡയബറ്റോളജി എന്ന പുതിയൊരു ശാഖതന്നെ വൈദ്യശാസ്ത്രരംഗത്ത് ഉദയം ചെയ്തുകഴിഞ്ഞു.
''ഒരാള്‍ പ്രമേഹരോഗിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ അയാളെ ഹൃദ്രോഗിയായിത്തന്നെ കാണണം. ആദ്യ അറ്റാക്ക് വന്ന രോഗിക്ക് സമാനമായ പരിഗണന നല്കണം. ഹൃദ്രോഗപ്രതിരോധ നടപടികള്‍ കൂടി ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇതാണ് പുതിയ കാഴ്ചപ്പാട്'' -പ്രമേഹ ചികിത്സാ വിദഗ്ധന്‍ തിരുവനന്തപുരത്തെ ഡോ. ജ്യോതി ദേവ് കേശവദേവ് പറയുന്നു. ലോകാരോഗ്യ സംഘടന, അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്നിവരെല്ലാം പറയുന്നതും ഇതുതന്നെ.
''രക്തത്തിലെ പഞ്ചസാര ഉയര്‍ന്നു നില്ക്കുന്ന അവസ്ഥ മാത്രമല്ല പ്രമേഹം. ശരീരത്തിലെ ചെറുതും വലുതുമായ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമാണിത്. രക്തത്തില്‍ പഞ്ചസാര ഉയര്‍ന്നുനില്ക്കുമ്പോള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. രക്തക്കുഴലുകള്‍ അതുവഴി അടയുന്നു. ഇതുകാരണം ഉണ്ടാകുന്ന ബ്ലോക്ക്, ഒക്ലൂഷന്‍, ഇന്‍ഫാര്‍ട്ട് എന്നീ അവസ്ഥകളാണ് ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയെല്ലാം അപകടത്തിലാക്കുന്നത്. കൊഴുപ്പും അപകടകാരിയാണ്. കൊഴുപ്പുകണങ്ങള്‍ ഇന്‍സുലിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഇത് പ്രമേഹത്തിന് ആക്കം കൂട്ടുന്നു'' - ഡോ. ജ്യോതിദേവ് വിശദീകരിക്കുന്നു.
കേരളം ശ്രദ്ധിക്കണം
ഇന്ത്യക്കാരില്‍ ഹൃദ്രോഗം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഈയടുത്തകാലത്ത് കേന്ദ്ര സര്‍ക്കാറിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മലയാളിയും അമേരിക്കയിലെ ഇല്ലിനോയ് സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോ. ഇനാസ് എ. ഇനാസിന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് കേരളം പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനയുണ്ടായി. ഇപ്പോള്‍ 2.8 കോടി ഹൃദ്രോഗികള്‍ ഇന്ത്യയിലുണ്ട്. 2015 ആകുമ്പോള്‍ അത് 6.5 കോടിയാവും. ഇതില്‍ 2.3 കോടി യുവാക്കളായിരിക്കും. വിദേശരാജ്യങ്ങളില്‍ ആദ്യ അറ്റാക്ക് വരുന്നത് ശരാശരി 65 വയസ്സ് കഴിഞ്ഞവരിലാണ്. ഇന്ത്യയില്‍ 50 ശതമാനം അറ്റാക്കും 55 വയസ്സിന് മുമ്പാണ്. 25 ശതമാനം അറ്റാക്കുകള്‍ 40 വയസ്സ് എത്തുന്നതിന് മുമ്പും. ഹൃദ്രോഗഭീഷണി ഇത്തരത്തില്‍ ഉയര്‍ന്നു നില്ക്കുന്നതിന് ഏറ്റവും പ്രധാന കാരണം പ്രമേഹമാണ്. ഒപ്പം ബി.പി.യും കൊളസ്‌ട്രോളും. ഇവിടെയാണ് കേരളം ശ്രദ്ധിക്കേണ്ടത്. 40 വയസ്സിന് മുമ്പ് ഹാര്‍ട്ട് അറ്റാക്ക് വരുന്നത് കേരത്തില്‍ സാധാരണമായി മാറുകയാണ്.
പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകളില്‍ പ്രധാനപ്പെട്ടതാണ് വൃക്കരോഗം. കേരളത്തില്‍ വൃക്ക തകരാറിലായി പ്രവര്‍ത്തനം നിലയ്ക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് പ്രധാന കാരണം പ്രമേഹമാണ്.
തിരിച്ചറിയാന്‍ വൈകുന്നു
കേരളത്തില്‍ വൃക്ക പരാജയം സംഭവിക്കുന്ന 60 ശതമാനം രോഗികളിലും അടിസ്ഥാന കാരണം പ്രമേഹമാണ്. 20 ശതമാനം പ്രമേഹരോഗികളിലും വൃക്കരോഗത്തിന് സാധ്യതയുണ്ട്, പ്രമേഹം മൂലമുള്ള സങ്കീര്‍ണത രണ്ട് കിഡ്‌നികളെയും ഒരുപോലെ ബാധിക്കും. രോഗം തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ രോഗപുരോഗതി തടയാനാവും. അതിന് ചികിത്സയുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ വൈകിയ വേളയിലാണ് രോഗം തിരിച്ചറിയുന്നത്. പിന്നെ ചികിത്സ ഫലിക്കില്ല. രോഗിക്ക് ഒരു തിരിച്ചുപോക്കുമില്ല. രോഗം അന്ത്യഘട്ടത്തില്‍ എത്തിയാല്‍ വഴി രണ്ടാണ്. ഒന്നുകില്‍ വൃക്ക മാറ്റല്‍. അല്ലെങ്കില്‍ ഡയാലിസിസ്. രണ്ടും ചെലവേറിയ വഴികള്‍. പ്രമേഹരോഗികളില്‍ ഡയാലിസിസ് ചികിത്സയല്ല. ഒരു പ്രതിവിധി മാത്രമാണ്. ആയുസ്സ് നീട്ടിയെടുക്കാനുള്ള മാര്‍ഗം. അത്തരത്തില്‍ ഡയാലിസിസ് ചെയ്തുകഴിയുന്ന നൂറുകണക്കിനാളുകളുണ്ടിവിടെ. ഡയാലിസിസിന് പോലും ക്യൂ ആണിപ്പോള്‍.
വൃക്കരോഗം ഉണ്ടാക്കുന്ന യാതന വലുതാണ്. ആ ദയനീയതയുടെ നേര്‍ക്കാഴ്ച സംസ്ഥാനത്തെ എല്ലാ പ്രധാന ആസ്പത്രികളിലും കാണാം. ദുരിതം അനുഭവിക്കുന്ന രോഗികള്‍, കണ്ണീരുമായി കുടുംബങ്ങള്‍.
പ്രമേഹമാണ് കേരളത്തില്‍ അന്ധതയ്ക്ക് പ്രധാന കാരണമാവുന്നത്. പ്രമേഹം മൂലം വ്രണങ്ങള്‍ ഉണങ്ങാത്തതിനാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടിവരുന്ന ഒട്ടേറെപ്പേരുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹം ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. പ്രമേഹം ഉള്ളവരില്‍ വിഷാദരോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. മറ്റുള്ളവരെ അപേക്ഷിച്ച് നാലിരട്ടിവരെ. പ്രമേഹവും വിഷാദവും ഒത്തുചേരുന്നത് അപകടവുമാണ്.
മറ്റനേകം രോഗസങ്കീര്‍ണതകള്‍ക്കും പ്രമേഹം ഇടയാക്കുന്നുണ്ട്. ആ നീരാളിപ്പിടിത്തത്തില്‍ ഞെരുങ്ങാത്ത അവയവങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.
പനി വന്നാല്‍ സൂക്ഷിക്കുക
പ്രമേഹരോഗികള്‍ പകര്‍ച്ചപ്പനിയെ നിസ്സാരമായി കാണരുത്. രോഗനിയന്ത്രണം തകിടം മറിയാനും ഗുരുതരമാകാനും ഇത് ഇടയാക്കും. അണുബാധയെത്തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസ്‌നില ക്രമാതീതമായി ഉയരും. ഡയബറ്റിക് കീറ്റോഅസിഡോസിസ് (അഋയപസറയറ) ഉദാഹരണമാണ്. ഛര്‍ദി, വയറുവേദന, ശ്വാസംമുട്ടല്‍, സ്വഭാവ വ്യതിയാനം എന്നിവയൊക്കെ രോഗിയില്‍ ഉണ്ടാകാം. കടുത്ത പ്രമേഹമുള്ളവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടികൂടാനുള്ള സാധ്യതയും കൂടുതലാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു. രക്തത്തിലെ അമിത ഗ്ലൂക്കോസ് തന്നെയാണ് ഇതിനുകാരണം. അതിനാല്‍ പ്രമേഹ രോഗികള്‍ പകര്‍ച്ചവ്യാധികള്‍ ഉള്ളവരുമായി അടുത്തിടപഴകരുത്. ആസ്പത്രി സന്ദര്‍ശനം, ദീര്‍ഘയാത്രകള്‍ എന്നിവ ഒഴിവാക്കണം. പനി വന്നാല്‍ ഇത്തരക്കാര്‍ തീര്‍ച്ചയായും വിദഗ്ധ ചികിത്സ തേടണം.
പോംവഴി പ്രതിരോധം മാത്രം
പ്രമേഹം രോഗിയുടെ ശരീരത്തെ മാത്രമല്ല തളര്‍ത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതകൂടി കൂട്ടത്തില്‍ തകര്‍ന്നുപോകുന്നു. അങ്ങനെ തകരുന്ന ആയിരക്കണക്കിനു കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ആരും ശ്രദ്ധിക്കുന്നില്ല. അവരുടെ സങ്കടങ്ങള്‍ തിരിച്ചറിയുന്നില്ല.
* രോഗം വരാതെ നോക്കുന്നതുതന്നെ
* ഉത്തമ പ്രതിരോധമാര്‍ഗം ഇതു കുട്ടികളില്‍നിന്നേ തുടങ്ങണം
* ജീവിതരീതി ചിട്ടപ്പെടുത്തണം, വ്യായാമം കൃത്യമായി ചെയ്യണം,
* ഭക്ഷണം ക്രമീകരിക്കണം, മാനസിക സമ്മര്‍ദം ഒഴിവാക്കണം
''പ്രമേഹചികിത്സ ചെലവേറിയതാണ്. ഒപ്പം ബി.പി.യും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ചികിത്സാച്ചെലവ് പിന്നെയും കൂടുന്നു. ജീവിതകാലം മുഴുവന്‍ ചികിത്സ തുടരണം. ശാസ്ത്രീയമായ ചികിത്സാരീതി പിന്തുടര്‍ന്നില്ലെങ്കില്‍ രോഗനിയന്ത്രണം സാധ്യമാകാതെ വരും. അതു ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് എത്തിക്കും. പലരും ചികിത്സ മുടക്കാറുണ്ട്. പാതിവഴിയില്‍ നിര്‍ത്താറുണ്ട്. ചിലപ്പോള്‍ അജ്ഞതകൊണ്ടാവാം. അല്ലെങ്കില്‍ സാമ്പത്തിക ബാധ്യതകൊണ്ടാവാം. എന്തായാലും ഇതു പിന്നീട് പ്രത്യാഘാതങ്ങളുണ്ടാക്കും. ഭാവിയില്‍ വന്‍ സാമ്പത്തികബാധ്യതകള്‍ക്കും ഇടവരുത്താം''-പ്രമേഹചികിത്സാവിദഗ്ധനായ തിരുവനന്തപുരത്തെ ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ പറയുന്നു.
''പ്രമേഹചികിത്സയില്‍ പലപ്പോഴും ഒരു മരുന്ന് മതിയാവില്ല. ബി.പി.യും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ മരുന്നിന്റെ എണ്ണം കൂടുന്നു. ഇതൊന്നും ഒഴിവാക്കാനുമാവില്ല. രോഗനിയന്ത്രണത്തിന് ഇത് കൂടിയേ തീരൂ. പ്രമേഹരോഗികളില്‍ തുടര്‍പരിശോധനകളും പ്രധാനപ്പെട്ടതാണ്'-ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.
രോഗത്തിന്റെ സ്ഥിതി തിരിച്ചറിയണം. പ്രമേഹവും ബി.പി.യും നിയന്ത്രണത്തിലാണോ എന്നറിയണം. രോഗം സങ്കീര്‍ണതകളിലേക്ക് നീങ്ങുന്നില്ല എന്ന് ഉറപ്പാക്കണം. സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയണം. ഇതിനൊക്കെ പ്രമേഹരോഗി തുടര്‍പരിശോധനകള്‍ക്ക് വിധേയനായേ തീരൂ.
പരിശോധന തുടരണം
പ്രമേഹരോഗി ചുരുങ്ങിയത് മാസത്തില്‍ ഒരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടില്‍ വെച്ചുതന്നെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നാണ് ആധുനിക കാഴ്ചപ്പാട്. പക്ഷേ, കേരളത്തില്‍ ഒരു ശതമാനം പ്രമേഹരോഗികള്‍ മാത്രമാണ് ഇങ്ങനെ പരിശോധന നടത്തുന്നത്.
മാസത്തില്‍ ഒരുതവണ രോഗി മൂത്രത്തിലെ പഞ്ചസാരയുടെ നിലയും അറിയണം. വര്‍ഷത്തില്‍ രണ്ടുതവണ രക്തപരിശോധന നടത്തി ഗ്ലൈക്കേറ്റഡ് ഹിമോഗ്ലോബിന്റെ (എച്ച്.ബി.എ.1 സി.) തോത് അറിയണം.
ഇതു ചെലവുകൂടിയ പരിശോധനയാണ്. വര്‍ഷത്തില്‍ ഒരുതവണ മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍നില അറിയണം. അളവില്‍ പ്രതികൂലമാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കേണ്ടതുണ്ട്. മൂന്നുമാസത്തില്‍ ഒരിക്കല്‍ രോഗി ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തണം. വര്‍ഷത്തില്‍ രണ്ടുതവണ ഇ.സി.ജി. പരിശോധിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധനയും വേണം. സങ്കീര്‍ണതകള്‍ക്ക് തുടക്കമായിട്ടുണ്ടെങ്കില്‍ മറ്റു പരിശോധനകളും നടത്തേണ്ടിവരും. ചില രോഗികള്‍ക്ക് വൈറ്റമിന്‍ ഗുളിക, കാത്സ്യം ഗുളിക, ഉദരസംരക്ഷണഗുളിക എന്നിവയും ആവശ്യമായി വരാറുണ്ട്.
പ്രമേഹം മാത്രമുള്ള ഒരു രോഗിക്ക് ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ 5000 മുതല്‍ 7000 രൂപവരെയെങ്കിലും ചെലവുവരും. രോഗം നിയന്ത്രണത്തിലല്ലെങ്കില്‍ ചെലവുകൂടും. ബി.പി.യും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ചെലവ് പതിനയ്യായിരം കവിയും. രണ്ടുതരം ഇന്‍സുലിന്‍, ബി.പി.ക്കും കൊളസ്‌ട്രോളിനുമുള്ള ഗുളികകള്‍, വൈറ്റമിന്‍, കാത്സ്യം ഗുളികകള്‍ എന്നിവ കഴിക്കുന്ന ഒരാള്‍ മാസം 1500-ലധികം രൂപ ഇതിനുമാത്രം ചെലവഴിക്കണം. പരിശോധനകള്‍ക്കു വേറെയും.
സാമ്പത്തികപ്രയാസത്താലോ മറ്റു കാരണങ്ങളാലോ ചികിത്സ മുടങ്ങിയാല്‍ കാര്യങ്ങള്‍ കുഴയും. രോഗം സങ്കീര്‍ണതകളിലേക്ക് നീങ്ങും. പ്രധാന അവയവങ്ങളെ ബാധിച്ചുകഴിഞ്ഞാല്‍ ചെലവ് ലക്ഷങ്ങളുടേതാണ്. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും അതു താങ്ങാനാവില്ല. കണ്ണീരും വിലാപങ്ങളും ബാക്കിയാവും.
രക്ഷപ്പെടുന്നത് എങ്ങനെ?
പ്രമേഹത്തിന്റെ പിടിയില്‍നിന്ന് എങ്ങനെ രക്ഷനേടാം എന്നാണ് ഈ സാഹചര്യത്തില്‍ ചിന്തിക്കേണ്ടത്. രോഗത്തെ പ്രതിരോധിക്കലാണ് മാര്‍ഗം. പ്രമേഹപ്രതിരോധം മൂന്നു തരത്തിലാണ്. രോഗം വരാതെ നോക്കലാണ് ഒന്നാമത്തേത്. ഇതാണ് പ്രാഥമിക പ്രതിരോധം. നല്ല മാര്‍ഗം ഇതുതന്നെ. മലയാളികള്‍ക്ക് പ്രമേഹസാധ്യത കൂടുതലാണെന്നതിനാല്‍ ഊന്നല്‍ ഇതിനാവണം. പ്രാഥമിക പ്രതിരോധം മരുന്ന് കഴിച്ച് നേടുന്നതല്ല. ജീവിതരീതികള്‍ ചിട്ടപ്പെടുത്തലാണ്. ഭക്ഷണം ക്രമീകരിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, മനസ്സമ്മര്‍ദം ഒഴിവാക്കുക എന്നിവയാണ് പ്രധാനം.
ഇതു മുതിര്‍ന്നവര്‍മാത്രം ശ്രദ്ധിക്കേണ്ടതല്ല. കുട്ടികളില്‍നിന്നുതന്നെ തുടങ്ങണം. കുട്ടികള്‍ക്ക് നല്ല ഭക്ഷണം നല്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഒഴിവാക്കിയേ തീരൂ. കുട്ടികള്‍ക്ക് കളിച്ചുവളരാന്‍ സൗകര്യവുമൊരുക്കണം.
കൗമാരം പിന്നിടുമ്പോഴേക്കും പല കുട്ടികളിലും ജീവിത ശൈലീരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ. മനുരാജ് പറയുന്നു. അമിതവണ്ണവും ഭാരവുമുള്ള കുട്ടികള്‍ കൂടിവരുന്നു. ഇതു പ്രമേഹത്തിനും മറ്റു ജീവിതശൈലീ രോഗങ്ങളിലേക്കുമുള്ള വഴിതുറക്കലാണ്. ഈ പ്രശ്‌നത്തിനു പരിഹാരം തേടി മാതാപിതാക്കള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
20 വയസ്സ് കഴിഞ്ഞ എല്ലാ മലയാളികളും രക്തപരിശോധനയിലൂടെ പ്രമേഹമില്ലെന്ന് ഉറപ്പാക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ ഇതില്‍ വിട്ടുവീഴ്ച കാട്ടരുത്. പ്രമേഹ പൂര്‍വാവസ്ഥയിലാണെങ്കില്‍ ജീവിതശൈലീമാറ്റത്തിലൂടെ കുറെയൊക്കെ രക്ഷപ്പെടാം. പ്രമേഹം ഉണ്ടെങ്കില്‍ നിയന്ത്രണം നേരത്തേ ആരംഭിക്കാനും ഇതു സഹായിക്കുന്നു.
പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാലും പ്രതിരോധത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഇതാണ് രണ്ടാംഘട്ട പ്രതിരോധം. പ്രമേഹം സങ്കീര്‍ണതകളിലേക്ക് വളരാതെ ഫലപ്രദമായി പ്രതിരോധിക്കലാണ് ഇവിടെ ലക്ഷ്യം. പ്രമേഹം ഉള്ളവര്‍ക്കും ആരോഗ്യകരമായ ജീവിതം നയിക്കാനാവും. രോഗം ഫലപ്രദമായി നിയന്ത്രിച്ചാല്‍ മതി. അതിനു ശാസ്ത്രീയമായ ചികിത്സ തേടണം. ഭക്ഷണം ക്രമീകരിക്കണം. വ്യായാമം ശീലമാക്കണം.
പ്രമേഹത്തെ തിരിച്ചറിയണം
പ്രമേഹത്തെക്കുറിച്ച് അറിവു നേടുക എന്നതാണ് ഇതില്‍ പ്രധാനം. രോഗത്തെ ശരിക്കും മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ നേരേ പോകും. പ്രമുഖ പ്രമേഹരോഗവിദഗ്ധനായിരുന്ന അമേരിക്കയിലെ ഡോ. ജോസ്‌ലിന്റെ വാക്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ''തന്നിലെ പ്രമേഹരോഗത്തെപ്പറ്റി ശരിയായ വിവരമുള്ള രോഗി കൂടുതല്‍ കാലം ജീവിക്കുന്നു. മറ്റുള്ളവര്‍ അകാലചരമം പ്രാപിക്കുന്നു.''
മരുന്ന്, ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയില്‍ ശ്രദ്ധിക്കുന്നവര്‍ക്കും പ്രമേഹം ഉണ്ടാക്കുന്ന സങ്കീര്‍ണതകളില്‍നിന്ന് രക്ഷ നേടാനാകും. പ്രമേഹരോഗികളുടെ ഭക്ഷണ നിയന്ത്രണത്തെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. ''അത് ഭക്ഷണം ഉപേക്ഷിക്കലല്ല. പ്രമേഹമുള്ളവര്‍ക്കും പോഷകപ്രദമായ ഭക്ഷണം വേണം. ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങളാണ് നടത്തുന്നത്. ശരീരത്തിനുദോഷകരമായ ചിലത് ഒഴിവാക്കുന്നു. അല്ലെങ്കില്‍ നിയന്ത്രിക്കുന്നുവെന്നുമാത്രം. യഥാര്‍ഥത്തില്‍ പ്രമേഹരോഗി കഴിക്കുന്ന ഭക്ഷണമാണ് നല്ല ഭക്ഷണം. അതാണ് എല്ലാവരും പിന്തുടരേണ്ട ഭക്ഷണശീലം''-കോട്ടയ്ക്കല്‍ അല്‍മാസ് ആസ്പത്രിയിലെ ഡയറ്റീഷ്യന്‍ ഉഷാ മധുസൂദനന്‍ പറയുന്നു.
പ്രമേഹം സങ്കീര്‍ണതകളിലേക്ക് പോയാലും അവയവങ്ങളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് മൂന്നാംഘട്ട പ്രതിരോധം. ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാനാവണം ശ്രദ്ധ. പ്രമേഹം ചിട്ടയായി ചികിത്സിച്ചാല്‍ രോഗസങ്കീര്‍ണതകള്‍ വലിയൊരു പരിധിവരെ തടയാനാവുമെന്നാണ് പഠനങ്ങളെല്ലാം പറയുന്നത്. രോഗമുള്ളവര്‍ പ്രമേഹം കൃത്യമായി നിയന്ത്രിക്കണം. അല്ലാത്തവര്‍ പ്രമേഹം വരാതിരിക്കാനും ശ്രമിക്കണം. അതിനു തെറ്റായ ജീവിതശൈലി പൊളിച്ചെഴുതിയേ തീരൂ.
കാച് ഫ്രം മാത്ര്ഭൂമി

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ